കെ എം ഷാജിക്കെതിരെ തെളിവുണ്ട്: കേസ് രജിസ്‌റ്റർ ചെയ്യാൻ കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാരൻ
കോഴിക്കോട്> മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി വിജിലൻസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. എംഎൽഎയ്ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെന്നും കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വിജിലൻസ് പറയുന്നു. കെ എം ഷാജി അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹർജിക്കാരൻ.
വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് പൊതുപ്രവർത്തകനായ അഡ്വ. എം ആർ ഹരീഷ് നൽകിയ പരാതിയിൽ കോടതി നിർദേശത്തെ തുടർന്നാണ് വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് എസ്പി എസ് ശശീധരന്റെ നേതൃത്വത്തിൽ പ്രാഥമികാന്വേഷണം നടത്തിയത്.
തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ഷാജി നൽകിയ സത്യവാങ്മൂലത്തിലെ വരുമാനവും ആഡംബര വീട് നിർമാണത്തിന് ചെലവഴിച്ച തുകയും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. അനധികൃതമായി നിർമിച്ച ആഡംബര വീടിന് 1.62 കോടി രൂപ വിലമതിക്കുമെന്നാണ് കോർപറേഷൻ അധികൃതർ കണ്ടെത്തിയത്. നിർമാണ മേഖലയിലെ വിദഗ്ധരുമായി സംസാരിച്ചപ്പോൾ നാലുകോടി രൂപയെങ്കിലും വരുമെന്ന് ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് കോടതിയെ സമീപിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. കെ എം ഷാജി ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കോടതിയിൽ അന്വേഷണ റിപ്പോർട്ട് കൈമാറിയത്.
പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് വ്യക്തമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കേസെടുക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ ഹർജി നൽകുമെന്ന് അഡ്വ. എം ആർ ഹരീഷ് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Ql2Y5Z
via IFTTT
ليست هناك تعليقات