യുവാവ് തലകറങ്ങി താഴേക്ക് വീണ സംഭവം: രക്ഷകനായ ബാബുരാജിന് ജോലി നല്‍കി ഊരാളുങ്കല്‍
വടകര> കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാംനിലയില്നിന്ന് തലകറങ്ങി താഴേക്കുവീണ ഊരാളുങ്കല് ലേബര് കോണ്ട്രാക്ട് കോ-- ഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയില് ജോലിനല്കും. വടകര കീഴല് സ്വദേശി ബാബുരാജിനാണ് ജോലി ലഭിക്കുക. ചെങ്കല് തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന് സംഘടിപ്പിച്ച ചടങ്ങില് സൊസൈറ്റി ചെയര്മാന് രമേശന് പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല് സൊസൈറ്റി ആസ്ഥാനത്ത് നടന്ന ചടങ്ങില് ബാബുരാജിന് ചെയര്മാന് ഉപഹാരവും നല്കി.
18-നാണ് സംഭവം. ഒന്നാംനിലയുടെ വരാന്തയുടെ കൈവരിയില് ചാരി നില്ക്കുകയായിരുന്ന അരൂര് സ്വദേശി നടുപ്പറമ്പില് ബിനു പൊടുന്നനെ പിന്നോട്ടുമറിഞ്ഞു. അടുത്തുനില്ക്കുകയായിരുന്ന ബാബുരാജ് മിന്നല് വേഗത്തില് ബിനുവിന്റെ കാലില് മുറുകെ പിടിച്ച് രക്ഷിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗണ് മാന് വിനോദും സഹായത്തിനെത്തി. എല്ലാവരുംകൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയില് കിടത്തി. ആശുപത്രിയില് എത്തിച്ച് അടിയന്തര വൈദ്യശുശ്രൂഷയും ലഭ്യമാക്കി. സിസിടിവിയില് പതിഞ്ഞ ഈ ദൃശ്യങ്ങള് അതിവേഗം വൈറലായി.
യുഎല്സിസിഎസ് വൈസ് ചെയര്മാന് വി കെ അനന്തന്, ഡയറക്ടര്മാരായ സി വത്സന്, എം എം സുരേന്ദ്രന്, പി പ്രകാശന്, എം പത്മനാഭന്, പി കെ സുരേഷ് ബാബു, കെ ടി കെ അജി, കെ ടി രാജന്, മാനേജിങ് ഡയറക്ടര് എസ് ഷാജു, ജനറല് മാനേജര് കെ പ്രവീണ് കുമാര്, കെ പി ഷാബു എന്നിവര് സംസാരിച്ചു.
from Kerala || Deshabhimani Online News https://ift.tt/3s7LMPz
via IFTTT
ليست هناك تعليقات