Disqus Shortname

Breaking News

കോടി രൂപ കൊടുത്തെന്ന്; ഇവിടൊന്നും കിട്ടിയില്ലെന്ന് നിലവിളി

കോഴിക്കോട് > ചില സ്ഥാനാർഥികൾക്ക് 50 ലക്ഷം രൂപ കൊടുത്തെന്ന് കെപിസിസി; മറ്റു ചിലർക്കാകട്ടെ ഒരു കോടിയും. എന്നാൽ, അഞ്ചുലക്ഷംപോലും കിട്ടിയില്ലെന്നും ഫണ്ടില്ലെന്നും പറഞ്ഞ് നെഞ്ചത്തടിക്കുകയാണ് സ്ഥാനാർഥികളും ജില്ലാകോൺഗ്രസ് കമ്മിറ്റികളും. എഐസിസി നൽകിയ ഫണ്ട് വിതരണത്തെച്ചൊല്ലി കോൺഗ്രസിൽ കലഹം മുർച്ഛിക്കുകയാണ്. സ്ഥാനാർഥികളെ തരംതിരിച്ച് ഫണ്ട് നൽകുന്നു, വകമാറ്റുന്നു എന്നിങ്ങനെ ആരോപണങ്ങളും പതിവുപോലെയുണ്ട്. അതേസമയം, തോൽവി ഉറപ്പായ ചില സ്ഥാനാർഥികൾ ഫണ്ട് പുറത്തിറക്കാതെ മുക്കിയെന്നും ആക്ഷേപമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിന് ആദ്യഘട്ടമായി എഐസിസി വക കെപിസിസിക്ക് 100 കോടി ലഭിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ നേരിട്ടാണ് ഇടപാട് നടത്തിയത്. കർണാടക, രാജസ്ഥാൻ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നായിരുന്നു പ്രധാന ഫണ്ട് ശേഖരണം. സ്വകാര്യ ആശുപത്രി, സ്കൂൾ മാനേജ്മെന്റുകൾ, മറ്റ് ചില വൻകിട കോർപറേറ്റ് ഏജൻസികളിൽനിന്നും വൻ തുക ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ കോൺഗ്രസ് നേതാവ് അശോക് ഗലോട്ട് പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്ത് വന്നത് പണവും കൊണ്ടാണെന്ന വാർത്തയുമുണ്ടായിരുന്നു.

സീറ്റുകൾ എ, ബി ക്ലാസായി തരംതിരിച്ചാണ് താഴേക്ക് പണം കൈമാറിയത്. 42 മണ്ഡലത്തെയാണ് എ ക്ലാസിൽപ്പെടുത്തിയത്. 50 ബിയിലും. എ ക്ലാസിന് ആദ്യം ഒരു കോടി എന്നാണ് വാഗ്ദാനം. ബി ക്ക് 50 ലക്ഷവും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും വിശ്വസ്തനായ ജനറൽ സെക്രട്ടറിയുമാണത്രെ ഫണ്ട് വിതരണം നിർവഹിച്ചത്. അതേസമയം, രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തങ്ങളുടെ ഇഷ്ടക്കാർക്ക് മറ്റു വകയിൽ ഫണ്ട് ലഭ്യമാക്കിയിട്ടുണ്ട്. കർണാടകത്തിലെ കോൺഗ്രസ് നേതാവാണ് ഐ വിഭാഗത്തിന്റെ പ്രധാന സ്രോതസ്സ്. ഉമ്മൻചാണ്ടി നിർദേശിച്ച ചിലർക്ക് മുസ്ലിംലീഗ് വക കൈയയച്ച് സഹായമുണ്ട്.

ഇത്രയും ഫണ്ട് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഡിസിസി പ്രസിഡന്റുമാരടക്കം പറയുന്നത്. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളും ഫണ്ട് മുങ്ങിയെന്ന സംശയം ഉന്നയിക്കുന്നുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/31nwrPb
via IFTTT

No comments