ചെന്നിത്തലയുടേത് വിനാശകേരള യാത്ര: എ വിജയരാഘവൻ
ബാലുശേരി (കോഴിക്കോട്) > പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്നത് വിനാശ കേരളയാത്രയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. ചെന്നിത്തലയുടെ യാത്രയിൽ കേൾക്കുന്നത് നശീകരണത്തിന്റെ വാക്കുകളാണ്. എൽഡിഎഫ് സർക്കാരിന്റെ ജനക്ഷേമ നടപടികൾ തകർക്കുമെന്ന സന്ദേശമാണ് യാത്രയിൽ ഉയരുന്നത്. ലൈഫ് പദ്ധതി ഇല്ലാതാക്കും, കേരള ബാങ്ക് പിരിച്ചുവിടും എന്നെല്ലാമുള്ള ചെന്നിത്തലയുടെ പ്രഖ്യാപനം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താഴെക്കിടയിലുള്ള ജനങ്ങൾക്ക് ഗുണം ചെയ്യുന്ന കേരള ബാങ്ക് ബദൽ മാതൃകയാണ്. ദേശസാൽകൃത ബാങ്കുകൾ കേന്ദ്രസർക്കാർ സ്വകാര്യവൽക്കരിച്ച് ജനങ്ങൾക്ക് അപ്രാപ്യമാക്കുമ്പോഴാണ് കേരള ബാങ്കിന്റെ പ്രസക്തി. വാഗ്ദാനങ്ങൾ പാലിക്കുന്ന ഗവർമെണ്ടാണ് എൽഡിഎഫിന്റേത്. അല്ലാതെ ഡ്രോൺ പറത്തി വിമാനം എന്ന് പറയുന്നതല്ല.
മുഖഛായ മാറ്റിയ വികസന പ്രവർത്തനങ്ങൾക്കാണ് പിണറായി സർക്കാർ നേതൃത്വം നൽകിയത്. എൽഡിഎഫ് സർക്കാരിന് തുടർഭരണം ഉണ്ടാകണമെന്ന ജനതാൽപ്പര്യം പ്രതിഫലിപ്പിക്കുന്നതാണ് വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിക്കുന്ന സ്വീകരണങ്ങൾ. കോർപ്പറേറ്റുകളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് അമിത വില ചുമത്തി സാധാരണക്കാരന്റെ അൽപ്പസമ്പാദ്യംപോലും മോഡി സർക്കാർ കവർന്നെടുക്കുകയാണ്. സാധാരണക്കാരന് വഹിക്കാൻ പറ്റുന്നതിനപ്പുറമാണ് ഇന്ധനവില. പ്രതിദിന വിലക്കയറ്റത്തിലൂടെ പെട്രോളിന് 100 രൂപയിലേക്ക് കുതിക്കുകന്നു. അവശ്യവസ്തുക്കൾക്ക് ഇതുണ്ടാക്കുന്ന വിലക്കയറ്റം രൂക്ഷമായി.പാചകവാതകത്തിന് വില 800 രൂപയായി. സാധാരണക്കാരന്റെ വിഷമങ്ങൾ കാണാൻ കേന്ദ്രത്തിന് കഴിയുന്നില്ല. ഇതിൽ പ്രതിഷേധിക്കാൻ ജനങ്ങളാകെ രംഗത്തുവരണം.
സമൂഹത്തെ വലിയ തോതിൽ വർഗീയവൽക്കരിക്കുകയാണ് മോഡിസർക്കാർ. ന്യൂനപക്ഷ ജനവിഭാഗങ്ങളെ ഭയപ്പെടുത്തുകയും വിദ്വേഷത്തിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുകയുമാണ്. തീവ്രവാദ ഹിന്ദുത്വ മുൻഗണനകൾ രാജ്യത്തുണ്ടാക്കുന്ന മുറിപ്പാടുകൾ വലുതാണ്. ന്യൂനപക്ഷ വിരുദ്ധനിയമങ്ങൾ വേഗത്തിൽ നടപ്പാക്കി ആർഎസ്എസ് അജൻഡ സഫലീകരിക്കാനാണ് മോഡി സർക്കാർ ഒരുവർഷമായി പ്രവർത്തിക്കുന്നത്. ഏറ്റവും ജനവിരുദ്ധ നയങ്ങൾ സ്വീകരിച്ച സർക്കാരാണ് മോഡിയുടേത്.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെക്കൂടി കടന്നാക്രമിക്കുകയാണിപ്പോൾ മോഡി സർക്കാർ. ഭിന്നസ്വരങ്ങൾ ഉയർത്താനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. സാമൂഹ്യമാധ്യമങ്ങളിൽ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി മാറുന്നു. ഈ ആശങ്കകൾ അടിയന്തരാവസ്ഥക്കാലത്തേതു പോലെ അപകടപ്പെടുത്തുന്നു. അഭിപ്രായ സ്വാതന്ത്ര്യം തല്ലിക്കെടുത്താൻ അനുവദിച്ചുകൂടാ. മതനിരപേക്ഷതയും പൗരാവകാശവും സംരക്ഷിക്കാനും തീവ്ര ഹിന്ദുത്വത്തെ പ്രതിരോധിക്കാനും ജനകീയ പ്രതിഷേധം രൂപപ്പെടുത്തണമെന്നും വിജയരാഘവൻ പറഞ്ഞു.
ഭൂരിപക്ഷ വർഗീയതക്കെതിരെ ജനകീയ ഐക്യം
ബാലുശേരി > ഭൂരിപക്ഷ വർഗീയതക്കെതിരെ ഭൂരിപക്ഷ–- ന്യൂനപക്ഷ വിഭാഗങ്ങളിലെ എല്ലാ മതനിരപേക്ഷ ശക്തികളും ഒന്നിച്ചുനിൽക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു. വിപുലമായ ജനകീയ ഐക്യം ഉയരണം.
ഭൂരിപക്ഷ വർഗീയതയാണ് ഏറ്റവും അപകടം. കേന്ദ്രാധികാരവും കോർപറേറ്റ്–- മാധ്യമ പിന്തുണയും അവർക്കുണ്ട്. ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ചാണ് ഭൂരിപക്ഷ വർഗീയത വളരുന്നത്. അതിനാൽ രണ്ട് വർഗീയതയും തുല്യമാണെന്ന് പറയാനാവില്ലെന്നും വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടിയായി വിജയരാഘവൻ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/37pcP0x
via IFTTT
ليست هناك تعليقات