Disqus Shortname

Breaking News

വികസനങ്ങൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ ‐ യുഡിഎഫ്‌ ‐ ബിജെപി കേരളതല ധാരണ; ഇ ശ്രീധരന്റേത്‌ ജൽപ്പനങ്ങൾ : പിണറായി

പാലക്കാട്> വ്യാജ ആരോപണങ്ങളും കെട്ടിച്ചമ്മച്ച കഥകളും വഴിവിട്ട നടപടികളുമായി എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാനാകുമോയെന്നാണ് കോൺഗ്രസ് ‐ യുഡിഎഫ് ‐ബിജെപി കൂട്ടുക്കെട്ട് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പാലക്കാട് വാർത്താസമ്മേളനം നടത്തുകയായിരുന്നു മുഖ്യമന്ത്രി.

എൽഡിഎഫ് കൊണ്ടുവന്ന നേട്ടങ്ങൾ അട്ടിമറിക്കാൻ കോൺഗ്രസ് ‐ യുഡിഎഫ് ‐ബിജെപി കൂട്ടുക്കെട്ട് കേരളതല ധാരണയുണ്ടാക്കിയിരിക്കയാണ്. മുൻപ് അത് രഹസ്യധാരണ ആയിരുന്നുവെങ്കിൽ ഇപ്പോൾ പരസ്യമായ ഇടപാടാണ്. അതുകൊണ്ടാണ് ബിജെപിക്കാർ ഇത്തവണ തനിക്ക് വോട്ട് ചെയ്യുമെന്ന് ഒരു കോൺഗ്രസ് സ്ഥാനാർഥി പരസ്യമായി പറയാൻ ധൈര്യപ്പെടുന്നത്. വോട്ടുകൾ കൈമാറി പരസ്പരം സഹായിക്കുകയാണ്.
കഴിഞ്ഞ തവണ നേമത്ത് അത് കണ്ടതാണ്. അതിൽ നേട്ടമുണ്ടായ ഒ രാജഗോപാൽ അത് പരസ്യമായി സമ്മതിക്കുകയും ചെയ്തു. നേമത്ത് കോൺഗ്രസ് വോട്ടുകൾ കാണാനില്ലാത്തതും അതുകൊണ്ടാണ്. മുന്പ് വടകരയും ബേപ്പൂരും ഉണ്ടാക്കിയ കോലീബി സഖ്യത്തിന്റെ പുതിയ പതിപ്പാണ് ഇപ്പോഴുണ്ടാക്കിയ കേരള ധാരണ. ഇതിന് പുറമെ ജമാ അത്തെ ഇസ്ലാമിയുമായും യുഡിഎഫ് ബന്ധമുണ്ടാക്കി.

എന്നാൽ ഒരു വർഗീയ ശക്തികളുടേയും വോട്ട് സിപിഐ എമ്മിന് വേണ്ട. ആർഎസ്എസുമായി ഒരു സഖ്യവും സിപിഐ എമ്മിനില്ല. ആർഎസ്എസിനെതിരെ ചോരകൊടുത്ത് പൊരുതുന്ന പ്രസ്ഥാനമാണ് സിപിഐ എം എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ ശ്രീധരൻ രാജ്യത്തെ പ്രധാനപെട്ട ടെക്നോക്രാറ്റ് ആയിരുന്നല്ലോ. എന്നാൽ ആര് ബിജെപിയായാലും ബിജെപിയുടെ സ്വഭാവം കാണിക്കും. എന്തും വിളിച്ചുപറയാൻ കഴിയുന്ന നിലയിലെത്തും. അത്തരത്തിലുള്ള ജൽപനങ്ങളാണ് അദ്ദേഹത്തിൽ നിന്ന് ഇപ്പോൾ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫ് സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളാണ് കോൺഗ്രസിനേയും ബിജെപിയേയും അസ്വസ്ഥരാക്കുന്നത്. നാടിന് പുരോഗതി ഉണ്ടാക്കുന്ന കാര്യങ്ങളോട് യോജിക്കാൻ ഈ ശക്തികൾക്കാവില്ല. ജനങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്ന നയമാണ് അവരുടേത്.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാനുള്ളതാണ്. കഴിഞ്ഞ നാല് വർഷവും ഭരണത്തിന്റെ പ്രോഗ്രസ് കാർഡ് ഇറക്കിയ സർക്കാരാണ് എൽഡിഎഫ് സർക്കാർ. അഞ്ചാവർഷത്തിലും മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. 600 പദ്ധതികളിൽ 570 പ്രാവർത്തികമാക്കിയതാണ് ഈ സർക്കാരിന്റെ വിജയം. ഓഖിയും മഹാപ്രളയവും അടക്കമുള്ള പ്രതിസന്ധിക്കിടയിലാണ് ഈ മികച്ചനേട്ടം കൈവരിച്ചത്.

എന്താണ് ഈ സർക്കാർ ചെയ്തതെന്ന് ജീവിതാനുഭവങ്ങളിലൂടെ ജനങ്ങൾക്ക് വ്യക്തമാണ്. പാവങ്ങളോടുള്ള സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താനായി. എന്നാൽ എന്നും മനുഷ്യത്വ വിരുദ്ധമായ നിലപാടെടുക്കുന്നവർക്ക് അത് മനസിലാക്കാനാകില്ല. അതാണ് ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടുമെന്ന് യുഡിഎഫ് പറയുന്നത്. മനുഷ്യരുടെ ഒരു പ്രസ്ഥാനത്തിന് അങ്ങിനെ പറയാൻ കഴിയുമോ.

ശബരിമലയുമയി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇപ്പോൾ ഒരു അവ്യക്തതയുമില്ല. വാളയാറിൽ പെൺകുട്ടികളുടെ അമ്മക്കൊപ്പമായിരുന്നു സർക്കാർ. അവർക്ക് നീതിലഭിക്കുന്നതിന് വേണ്ടിയാണ് നിലകൊണ്ടതും . അന്വേഷണം സിബിഐക്ക് വിട്ടതിലടക്കം ആ നിലപാട് വ്യക്തമാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതൊക്കെ ഓരോരുത്തരുടേയും താൽപര്യമാണ്.

ബിജെപി ഇപ്പോൾ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളുടെ യഥാർഥ ഉടമസ്ഥാവകാശം കോൺഗ്രസിനാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതടക്കം അവരാണ് നടപ്പാക്കി തുടങ്ങിയത്. തിരുവനന്തപുരം വിമാനത്താവളം ആദാനിക്ക് കൈമാറാനുളള നീക്കത്തെ അവിടത്തെ ലോകസഭാ എംപിയായ ശശി തരൂർ അനുകൂലിക്കുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.












from Kerala || Deshabhimani ​Online ​News https://ift.tt/3cP1Iji
via IFTTT

No comments